**********************
യു എ ഇയിലെ വടക്കൻ എമിറേറ്റ് ആയ റാസ് അൽ ഖൈമയിൽ (ഒരു പരസ്യത്തിൽ റിമി ടോമി പറയുന്ന പോലെ ദുബായിക്കടുത്ത് രാസൽഖൈമ) ഒരു ഘോസ്റ്റ് ഹൌസ് ഉണ്ടെന്നു കേട്ടിരുന്നു. പോയി കാണണമെന്ന് തോന്നിയത് ഈ ഈദ് അവധിക്കാണ്.. ഒട്ടും മടിച്ചില്ല,സുഹൃത്തക്കളോടൊപ്പം ശനിയാഴ്ച അവിടെ സന്ദർശിച്ചു. ഇടയ്ക്കു വച്ച് ഒരു ബംഗ്ലാദേശിയായ തോട്ടപ്പണിക്കാരനോട് വഴി ചോദിച്ചപ്പോൾ റോഡിന്റെ മറുഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചിട്ട് അവൻ പറഞ്ഞു.."ഉധർ മത് ജാഒ സാബ്..!" ക്യൂ!? " ഉസ്കാ അന്ധർ ഭൂത് ഹൈ!" ഞങ്ങൾ കൂട്ടമായി ചിരിച്ചപ്പോൾ അവനെന്തോ, ദഹിച്ചില്ല.. വാഹനം യു ടേർണ് ചെയ്ത് പ്രസ്തുത സ്ഥലത്തേക്ക് തിരിക്കുമ്പോൾ മുമ്പിലതാ നിഗൂഡതകൾ നിറഞ്ഞൊരു ആജാനുബാഹുവായ മന്ദിരം..
ചെല്ലുമ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. കാവൽക്കാരനെ മൊബൈലിൽ വിളിച്ചു, ബംഗാളിയായ അയാൾ പത്തുവർഷമായി അവിടെയുന്ടെങ്കിലും അതിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ലായിരുന്നു.. സൗന്ദര്യവും ഭയവും ഭീകരതയും ഒക്കെ കാണുന്നവന്റെ കണ്ണിലാണെന്ന വാദം ശരിവെക്കുന്നതായിരുന്നു കൂടെയുള്ളവരുടെ സമീപനങ്ങൾ. റഫീഖും ഇജാസും അകത്തു കയറാൻ വിസമ്മതിചെങ്കിലും എന്റെയും ഡോ. ഇസ്ഹാഖിന്റെയും ധൈര്യത്തിൽ കടിച്ചു തൂങ്ങി അവരും വന്നു. (ഡ്രാക്കുളയെ പ്രേതം ഒന്നും ചെയ്യില്ലല്ലോ)
മുപ്പത്തിയേഴ് വർഷങ്ങൾക്കു മുമ്പ് അന്നത്തെ റാക് ഭരണാധികാരി മകന് വേണ്ടി നിർമ്മിച്ച് നൽകിയ വീടാണ് പ്രേതങ്ങളുടെ വിഹാര കേന്ദ്രമായി മാറിയത്! താമസം തുടങ്ങിയ അന്ന് രാത്രി തന്നെ വീട്ടിൽ ഉണ്ടായിരുന്ന രണ്ടു കുഞ്ഞുങ്ങളും രക്തം ശർധിച്ചു മരണപ്പെട്ടത്രേ.. എത്ര അന്വേഷിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.. ഒടുവിൽ ഏതൊക്കെയോ ഭിക്ഷുക്കൾ പറഞ്ഞത്രേ ഈ വീട് വാസ യൊഗ്യമല്ലെന്ന്.. അതോടെ വെറും ഒരു ദിവസത്തെ താമസത്തിന് ശേഷം കോടികൾ മുടക്കി നിർമ്മിച്ച മനോഹര സൗധം ഉപേക്ഷിക്കപ്പെട്ടു.. മനുഷ്യന്റെ അഹംഭാവത്തിനു മേൽ ദൈവത്തിന്റെ മറ്റൊരു കൈകടത്തലെന്ന പോലെ ഈ ദുരന്ത സ്മാരകം പ്രേതബാധയെന്ന താൽക്കാലിക വിളിപ്പേരിൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു..
നല്ല വായുസഞ്ചാരമുള്ള നാലുനില കെട്ടിടത്തിൽ ആകെയുള്ളത് മൂന്നു കിടപ്പ് മുറികളാണ് ! മൂന്നു പ്രധാന ഹാളുകളും സ്ത്രീകള്ക്ക് മാത്രമായി മറ്റൊരു സ്വീകരണ മുറിയും സജ്ജീകരിച്ചിരിക്കുന്ന വീടിന്റെ ശിൽപചാരുത വർണ്ണനാതീതം തന്നെ.. ഏറ്റവും മുകളിലത്തെ നിലയിലെ ചിത്രപ്പണികൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്നത് മൈക്കലാഞ്ഞലോയും റാഫെലും ഒക്കെയായിരുന്നു., അത്രത്തോളം ഭംഗിയാക്കിയിട്ടുണ്ട് ഓരോ മൂലയും.. പക്ഷേ, താമസിച്ചത് ഒരേയൊരു ദിവസം. നഷ്ടപ്പെട്ടത് രണ്ടു കുഞ്ഞു ജീവനുകൾ.. നിഗൂഡത മാത്രം ബാക്കിയാക്കി നിശബ്ദമായി ചിരിക്കുകയാണ് അന്തരീക്ഷം!!
തിരിച്ചു നടക്കുമ്പോൾ എന്നെ ഏറെ ചിന്താകുലനാക്കിയത് മൂന്നര പതിറ്റാണ്ടിനു ശേഷവും ഈ ദുരന്ത സ്മാരകം ഇതുപോലെ നിലനിർത്തുന്നതിലെ ദുരൂഹതയായിരുന്നു..














പുതിയ അറിവ്, നന്ദി സുഹൃത്തേ. ഫോട്ടോസ് കുറച്ചു കൂടി വലുതാക്കി കൊടുക്ക്.
ReplyDeleteഎന്തോന്ന് ഗോസ്റ്റ് ഹൌസ് അല്ലേ?
ReplyDelete